ന്യൂഡൽഹി: കേരളത്തിലെ 520 പോലീസ് സ്റ്റേഷനുകളിൽ 518 സ്റ്റേഷനുകളിലും സിസിടിവികൾ സ്ഥാപിച്ചതായി സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സംസ്ഥാനം വ്യക്തമാക്കി.
പോലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മരണത്തിനെതിരേ സുപ്രീംകോടതി സ്വമേധയാ സ്വീകരിച്ച കേസിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവികളുടെ കണക്ക് പുറത്തുവിട്ടത്.
പ്രവർത്തനം ആരംഭിക്കാത്തതിനാൽ കോട്ടയം ജില്ലയിലെ മാഞ്ഞൂർ പോലീസ് സ്റ്റേഷനിലും പുതിയ കെട്ടിടത്തിന്റെ നിർമാണം വൈകിയതിനാൽ വയനാട് ജില്ലയിലെ വൈത്തിരി പോലീസ് സ്റ്റേഷനിലുമാണ് നിലവിൽ സിസിടിവി സ്ഥാപിക്കാത്തത്.
രണ്ടാംഘട്ടത്തിൽ 20 സൈബർ സ്റ്റേഷനുകളിലും എട്ട് തീരദേശ സ്റ്റേഷനുകളും ഉൾപ്പെടെ 28 സ്റ്റേഷനുകളിൽ കൂടി സിസിടിവികൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചെന്നും 2026 ജനുവരി 27നകം പൂർത്തീകരിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സിസിടിവികൾ സ്ഥാപിച്ചവയിൽ 483 എണ്ണം ക്രമാസമാധാനത്തിനുള്ള പോലീസ് സ്റ്റേഷനുകളാണ്. 13 റെയിൽവേ പോലീസ് സ്റ്റേഷനുകളും 10 തീരദേശ പോലീസ് സ്റ്റേഷനുകളിലും 14 വനിതാ പോലീസ് സ്റ്റേഷനുകളിലും സിസിടിവികൾ സ്ഥാപിച്ചതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
മുഴുവൻ സമയവും പ്രവർത്തിക്കുന്ന 12 കാമറകൾ വീതമാണ് ഓരോ സ്റ്റേഷനുകളിലും സ്ഥാപിച്ചിരിക്കുന്നത്. ഇൻസ്പെക്ടറുടെയും സബ് ഇൻസ്പെക്ടറുടെയും മുറികൾ, ലോക്കപ്പ്, ഇടനാഴി, റിസപ്ഷൻ, സ്റ്റേഷന്റെ പ്രവേശന കവാടം, പിൻഭാഗം എന്നിവിടങ്ങളിലാണു കാമറ സ്ഥാപിച്ചിരിക്കുന്നത്.
രാത്രിയിലെ ദൃശ്യങ്ങളും കാമറയിൽ ലഭ്യമാകും. ദൃശ്യങ്ങളിൽ ക്രമക്കേട് നടത്തിയാൽ കണ്ടെത്താൻ കഴിയുന്ന തരത്തിലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. ദൃശ്യത്തിനു പുറമെ ശബ്ദങ്ങളും റിക്കാർഡ് ചെയ്യും. ഓരോ സ്റ്റേഷനിലും എട്ട് ടിബിയുടെ 16 ഹാർഡ് ഡിസ്കുകളും അനുവദിച്ചിട്ടുണ്ട്. ഒന്നര വർഷത്തോളം ഡാറ്റ സൂക്ഷിക്കാൻ ഇതിലൂടെ സാധിക്കും. നാലു മാസത്തിൽ ഒരിക്കൽ അറ്റകുറ്റപ്പണി നടത്തുന്നതായും സർക്കാർ കോടതിയെ അറിയിച്ചു.
പോലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിച്ചതു സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാതിരുന്നതിന് കേരളമടക്കമുള്ള സംസ്ഥാനങ്ങളെ സുപ്രീംകോടതി വിമർശിച്ചിരുന്നു. മൂന്നാഴ്ചയ്ക്കകം മറുപടി നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ നേരിട്ടു ഹാജരാകേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണു കണക്കുകൾ വിശദീകരിച്ച് കേരളം സത്യവാങ്മൂലം നൽകിയത്.